കാഞ്ഞിരപ്പള്ളി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒട്ടാകെ നടത്തപ്പെടുന്ന 2025ലെ സ്മാർട്ട് ഇന്ത്യ ഹാക്കത്തണിന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് വേദിയാകുന്നു. ഈ പ്രോഗ്രാമിന്റെ ഹാർഡ്വേർ എഡിഷൻ നടത്തപ്പെടുന്നതിന് കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാഭ്യാസ സ്ഥാപനവും അമൽജ്യോതിയാണ്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികളുടെ ക്രിയാത്മക ചിന്താഗതികൾ വർധിപ്പിച്ച് നൂതനാശയങ്ങൾ രൂപപ്പെടുത്തി നവ സംരംഭങ്ങൾ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ ഇന്നവേഷൻ പ്ലാറ്റ്ഫോം ആണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ.
ഹാക്കതോണിന്റെ ഉദ്ഘാടനം എട്ടിന് തിരുവനന്തപുരം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.എസ്. രാജശ്രീ നിർവഹിക്കും.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഹാക്കത്തൺ നടത്തുന്നത്. ഹാർഡ്വേർ, സോഫ്റ്റ്വേർ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. അമൽ ജ്യോതിയിൽ സംഘടിപ്പിക്കുന്ന ഹാർഡ്വേർ എഡിഷൻ എട്ടിന് ആരംഭിച്ച് രാത്രിയിലും പകലുമായി 12വരെ നടക്കും.
ബീഹാർ, ഉത്തർപ്രദേശ്, തമിഴ്നാട് ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. കോളജ് തലത്തിലും ദേശീയതലത്തിലും രണ്ടുതവണയായി നടന്ന തെരഞ്ഞെടുക്കൽ പ്രക്രിയയിലൂടെയാണ് ഈ മത്സരത്തിനു വേണ്ടിയുള്ള ടീമുകളെ കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി ടീമുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി സംവദിക്കും.
റെയിൽവേ മന്ത്രാലയം, ഉപഭോക്തൃ കാര്യ വകുപ്പ്, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ എന്നിവർ തെരഞ്ഞെടുത്ത നാല് പ്രശ്നങ്ങൾക്കാണ് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി പുതുമയാർന്ന പരിഹാരമാർഗങ്ങൾ കണ്ടത്തുന്നതിനായി അമൽ ജ്യോതിയിൽ നടക്കുന്ന ഹാക്കത്തൺ ശ്രമിക്കുന്നത്.
ഈ നാല് പ്രശ്നങ്ങൾക്കും ശാസ്ത്ര സഹായത്തോടുകൂടി ഏറ്റവും നല്ല പരിഹാരമാർഗം കണ്ടെത്തുന്ന നാല് ടീമുകൾക്ക് ഒന്നര ലക്ഷം രൂപ വീതം സമ്മാനങ്ങൾ നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും അവരുടെ ആശയങ്ങളെ പ്രോട്ടോടൈപ്പ് ആക്കി മാറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി ഇരുപതിനായിരം രൂപയുടെ സാമ്പത്തിക സഹായവും നൽകുന്നതാണ്.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, എസ്ഐഎച്ച് കോഓർഡനേറ്റർ ഡോ. ഷെറിൻ സാം ജോസ്, ഡോ. ജിപ്പു ജേക്കബ്, പ്രഫ. അനീഷാമോൾ ഏബ്രാഹം എന്നിവർ പങ്കെടുത്തു.